top of page

തിരുവനന്തപുരത്ത് ഹൈക്കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ച് പുന:സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായം ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ നിന്നും അയച്ച കത്തിന് മറുപടി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍

  • Writer: Great Kerala
    Great Kerala
  • Oct 5
  • 1 min read

തിരുവനന്തപുരത്ത് ഹൈക്കോടതിയുടെ സര്‍ക്യൂട്ട് ബെഞ്ച് പുന:സ്ഥാപിക്കുന്നതു സംബന്ധിച്ച അഭിപ്രായം ആരാഞ്ഞ് പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഓഫീസില്‍ നിന്നും അയച്ച കത്തിന് മറുപടി നല്‍കാതെ സംസ്ഥാന സര്‍ക്കാര്‍. തലസ്ഥാന ജില്ലയിലെ ജനങ്ങളുടെ സാമ്പത്തിക- സമയനഷ്ടം ഒഴിവാക്കാന്‍ വര്‍ഷങ്ങള്‍ക്കു മുന്‍പ് തിരുവനന്തപുരത്തു പ്രവര്‍ത്തിച്ചിരുന്ന ഹൈക്കോടതി സര്‍ക്യൂട്ട് ബെഞ്ച് പുന:സ്ഥാപിക്കണമെന്ന നിവേദനത്തില്‍ സംസ്ഥാന സര്‍ക്കാരിന്റെ അഭിപ്രായമാണ് പ്രധാനമന്ത്രി ചോദിച്ചിരുന്നത്.

Trivandrum High court Bench building made with the help of AI
Trivandrum High court Bench building made with the help of AI

വര്‍ഷങ്ങളായി നിലനില്‍ക്കുന്ന തലസ്ഥാന ജില്ലയുടെ ആവശ്യമാണ് തിരുവനന്തപുരത്തെ ഹൈക്കോടതി ബെഞ്ച്. ഇതിന് ബദലാകുന്ന ഈ വിഷയത്തിലാണ് മുഖ്യമന്ത്രിയുടെ ഓഫീസ് മറുപടി നല്‍കാത്തത്. കേരളം രൂപീകൃതമാകുമ്പോള്‍ തിരുവനന്തപുരത്ത് സര്‍ക്യൂട്ട് ബഞ്ചുണ്ടായിരുന്നു. ഹൈക്കോടതിയില്‍ വരുന്ന കേസുകളില്‍ അഭിഭാഷകര്‍ സമ്മതിച്ചാല്‍ തിരുവനന്തപുരത്ത് വാദം കേള്‍ക്കാനായിരുന്നു സര്‍ക്യൂട്ട് ബഞ്ച്. ഇത് കാലക്രമത്തില്‍ ജഡ്ജിയുടെ അടക്കം നിയമനം നടക്കാത്തതു കാരണം അപ്രസക്തമായി. ഏവരും അംഗീകരിച്ച സംവിധാനമാണ് ഇത്. ഈ സംവിധാനം പുനസ്ഥാപിക്കുന്നതിന് മറ്റ് നൂലാമാലകളുടേയും ആവശ്യമില്ല. അങ്ങനെ വന്നാല്‍ ഹൈക്കോടതിയിലെ കേസുകള്‍ തിരുവനന്തപുരത്ത് കേള്‍ക്കാന്‍ കഴിയുന്ന സാഹചര്യം വരും.


സംസ്ഥാന സര്‍ക്കാരുമായി ബന്ധപ്പെട്ട ഹൈക്കോടതിയില്‍ ഫയല്‍ ചെയ്യുന്ന കേസുകളില്‍ തിരുവനന്തപുരത്ത് വാദം കേള്‍ക്കാനുള്ള സാധ്യത തെളിയുന്നത് ഖജനാവിനും ഗുണകരമായി മാറും. സംസ്ഥാന സര്‍ക്കാര്‍ കക്ഷിയാകുന്ന കേസ് നടത്തിപ്പുകള്‍ക്കായി ഉദ്യോഗസ്ഥര്‍ കൊച്ചിയില്‍ ഹൈക്കോടതിയില്‍ പോകുന്ന ഇനത്തില്‍ തന്നെ ലക്ഷക്കണക്കിനു രൂപയാണ് സര്‍ക്കാരിന് ചെലവാകുന്നത്. സര്‍ക്യൂട്ട് ബെഞ്ച് നിലവില്‍ വന്നാല്‍ ഈ അനാവശ്യ ചെലവ് ഒഴിവാക്കാനാകും. തിരുവനന്തപുരത്ത് ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കണമെന്ന് 2002 ല്‍ മുഖ്യമന്ത്രിയായിരുന്ന എ.കെ ആന്റണി ഹൈക്കോടതി ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടെങ്കിലും ഫലമുണ്ടായില്ല.


2008 ല്‍ അഭിഭാഷകരുടെ നേതൃത്വത്തില്‍ ഇതേ ആവശ്യമുന്നയിച്ച് നിരാഹാര സത്യാഗ്രഹം ആരംഭിച്ചിരുന്നു. രണ്ടുവര്‍ഷത്തോളം നീണ്ടുനിന്ന സമരത്തിന്‍െ്റ ഭാഗമായി സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കേസുകള്‍ പരിഹരിക്കുന്നതിനായി കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണല്‍ (കെ.എ.ടി) തിരുവനന്തപുരത്തു പ്രവര്‍ത്തനം ആരംഭിച്ചു. സര്‍ക്കാര്‍ ഉദ്യോഗസ്ഥരുടെ കേസുകള്‍ മാത്രമല്ല, വിവിധ ബോര്‍ഡ്, കോര്‍പ്പറേഷനുകളിലെ കേസുകള്‍ കൂടി കെ.എ.ടി പരിഗണിക്കുമെന്ന് സര്‍ക്കാര്‍ അറിയിച്ചിരുന്നെങ്കിലും ഇതുവരെ നടപ്പായിട്ടില്ല.


തിരുവനന്തപുരം എം.പിയായി മത്സരിച്ചപ്പോള്‍ ഹൈക്കോടതി ബെഞ്ച് സ്ഥാപിക്കുമെന്ന പ്രഖ്യാപനമാണ് ശശി തരൂര്‍ പ്രധാനമായും നടത്തിയത്. 2012, 2014, 2019, 2023, 2024 എന്നീ വര്‍ഷങ്ങളില്‍ ശശി തരൂര്‍ ഇതുസംബന്ധിച്ച് ലോക്സഭയില്‍ ബില്‍ അവതരിപ്പിച്ചെങ്കിലും യാതൊന്നും തന്നെ നടന്നില്ല. അഭിഭാഷകര്‍ നിരവധി തവണ ആവശ്യമുന്നയിച്ച് സര്‍്ക്കാരിനെ സമീപിച്ചെങ്കിലും ഫലമുണ്ടായില്ല.

Comments


Welcome
to Our Site

Stay informed with the only platform dedicated to development and infrastructure in Kerala, where tradition meets modernity. Join us as we bring you the latest updates and insightful stories that matter most to community!

bottom of page